
മദ്യലഹരിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയയാൾ പൊലീസ് കസ്റ്റഡിയിൽ. ഇടുക്കി പുല്ലുപാറയിലാണ് സംഭവം. ഇളംകാട് സ്വദേശി ബിനു കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ തങ്കച്ചനെയാണ് പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ബിനുവും തങ്കച്ചനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ശനിയാഴ്ച രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതായാണ് വിവരം. തുടർന്ന് തങ്കച്ചൻ ബിനുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് പിന്നാലെ തങ്കച്ചൻ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് ബിനുവിന് അപകടം സംഭവിച്ചതാണെന്നാണ് തങ്കച്ചൻ പറഞ്ഞത്. എന്നാൽ മൊഴിയിൽ സംശയം തോന്നിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പെരുവന്താനം പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിനുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യമെന്താണെന്നും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണമെന്താണെന്നും വിശദമായ ചോദ്യംചെയ്യലിലൂടെയാകും പൊലീസ് കണ്ടെത്തുക.
ബിനുവും തങ്കച്ചനും സ്ഥിരമായി മദ്യപിച്ചിരുന്നവരാണെന്നാണ് പ്രദേശവാസികളിൽനിന്നുള്ള വിവരം. തങ്കച്ചന് മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നും സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.










